
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ആവശ്യമായാൽ പിന്മാറാനോ ധാരണാപത്രത്തിൽ (എം.ഒ.യു.) ഒപ്പിടാതിരിക്കാനോ കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ അത്തരം സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ സംസ്ഥാനങ്ങൾക്ക് ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
രാജ്യസഭയിൽ അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എം.ഒ.യുവിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും കേരളം ഇതുവരെ പിഎം ശ്രീ സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നും അതിനാൽ സംസ്ഥാനത്തിന് പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയിൽ നിന്ന് പിന്മാറുന്നത് നിയമപരമായി സാധ്യമല്ലെന്നും എം.ഒ.യു. ഒപ്പുവെച്ചതിനുശേഷം പിന്മാറ്റത്തിന് അവസരമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ വിശദീകരണം ഈ വാദത്തിന് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിച്ച 35 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയും കേന്ദ്രം പുറത്തുവിട്ടു. അതിൽ കേരളത്തിന്റെ പേര് ഉൾപ്പെട്ടിട്ടില്ല.
അതേസമയം, വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ, പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകൾ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 അനുസരിച്ചുള്ള വിദ്യാഭ്യാസ ഘടന പിന്തുടരേണ്ടിവരുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം നിശ്ചയിക്കുന്ന ചട്ടക്കൂടിനനുസരിച്ചായിരിക്കും പാഠ്യപദ്ധതിയും പഠനസാമഗ്രികളും ക്രമീകരിക്കപ്പെടുകയെന്നും മറുപടിയിൽ പറയുന്നു.
സംസ്ഥാന പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും രാഷ്ട്രീയ അജണ്ടകൾ ഉൾക്കൊള്ളുന്ന പഠനരീതി നടപ്പാക്കില്ലെന്നുമായിരുന്നു കേരള സർക്കാരിന്റെ മുൻ വിശദീകരണം. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുടെ വിദ്യാഭ്യാസ ഘടന നടപ്പാക്കുകയെന്ന കേന്ദ്രത്തിന്റെ നിലപാട് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.











